Monday, June 30, 2003

അവാച്യമായ അനുഭൂതി

2003 ജൂണ്‍ 19 ന്‌ അബ്‌സാര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു.അടുത്ത ആഴ്‌ചയാണ്‌ എന്റെ ഊഴം.(സര്‍സയ്യിദ് സ്‌കൂളില്‍ ഓരോദിവസം അസംബ്‌ളി നയിക്കാന്‍ ഓരോരുത്തരുടെ ഊഴം ക്രമ പ്രകാരം വരും)അത് കൊണ്ട് ഉപ്പ പ്രാര്‍ഥിക്കണം.എന്റെ പ്രാര്‍ഥനകളും ആശീര്‍ വാദങ്ങങ്ങളും നല്‍കി.വീണ്ടും അബ്‌സാര്‍ "ഉപ്പാ എന്റെ ചില രചനകള്‍ വെളിച്ചം കാണിക്കണം .വളരെ പ്രസക്തമായത് മേശപ്പുറത്ത് ഒരുക്കി വച്ചിട്ടുണ്ട്.ഇത് കേട്ട് എനിക്ക്‌ ചിരി വന്നു.എങ്കിലും ഞാന്‍ പറഞ്ഞു മോനെ നിന്റെ രചനകള്‍ വിന്റൊ ഓണ്‍ ലൈന്‍ മാഗസിനില്‍ ഉപ്പ ചേര്‍ക്കുന്നുണ്ട്.അബ്‌സാറിന്റെ മറുപടി.ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ എനിക്കറിയില്ല.പുസ്‌തകമാണ്‌ ഉദ്ദേശിച്ചത്.പിന്നെയും പലതും ഞങ്ങള്‍ സംസാരിച്ചു.പക്ഷെ എഴുതാന്‍ ഞാന്‍ അശക്തനാണ്‌.ഈ സംഭാഷണത്തിന്‍ തണലില്‍ നിന്നു കൊണ്ട്‌ ഒരു കവിത ജനിക്കുമായിരിക്കും .


ജൂണ്‍ 26 വ്യാഴ്‌ച ഞാന്‍ ഓര്‍ത്തു ഇന്ന്‌ എന്റെ മോന്‍ തന്റെ ദൌത്യം നിര്‍വഹിക്കും .ശരിയായിരുന്നു അബ്‌സാര്‍ ദൌത്യം നിര്‍വഹിച്ചു.പറന്നു പോകുകയും ചെയ്‌തിരുന്നു.ജീവിതം എന്ന കഥയില്‍ ഈ സംഭവം വളരെ മനോഹരമായി പ്രവചിച്ചിട്ടുണ്ട്.അബ്‌സാറിന്റെ വിഭാവനക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നു എന്നതും നാഥന്‍ നല്‍കിയ അനുഗ്രഹമായിരുന്നു.ഇതാണ്‌ യാത്രാ മംഗളത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.സുബ്‌ഹാനല്ലാഹ് എന്ന തസ്‌ബീഹ് മനസ്സ് കൊണ്ട് മന്ത്രിക്കുമ്പോള്‍ അവാച്യമായ അനുഭൂതി ആസ്വദിച്ചതിന്റെ അനുഗ്രഹീതമായ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടെ ഓര്‍ത്തുകൊണ്ട്.....
അബൂ അബ്‌സാര്‍ ...