Saturday, June 26, 2021

കുട്ടി കവി ദാര്‍‌ശനികന്‍

കുട്ടി കവി ദാര്‍‌ശനികന്‍ - സി.പി.രവീന്ദ്രന്‍
അബ്‌സാറിനെപ്പറ്റി ആദ്യം കേള്‍‌ക്കുന്നത്‌ ചേന്ദമം‌ഗല്ലൂര്‍ക്കാരന്‍ ബന്നയില്‍ നിന്നാണ്‌.നാട്ടില്‍ മലയാളം മാഷായിരുന്ന ബന്ന. ദോഹയില്‍ മലയാളവുമായി പുലബന്ധമില്ലാത്ത ജോലിയെടുക്കുകയാണ്‌.പക്ഷെ ആ കുറവ്‌ നികത്താന്‍ ഒഴിവു സമയം മുഴുവന്‍ കലാ സാഹിത്യ പ്രവര്‍‌ത്തനത്തിന്‌ ഉഴിഞ്ഞുവെച്ചിരിക്കുകയാണ്‌ ബന്ന.ഭം‌ഗിയായി കവിത ചൊല്ലും.നന്നായി പ്രസംഗിക്കും.

അബ്‌സാറിന്റെ പേരില്‍ നടത്തുന്നൊരു ചടങ്ങിന്‌ വിളിക്കാനാണ്‌ ബന്ന ഞാന്‍ പണിയെടുക്കുന്ന പത്രമാപ്പീസില്‍ വന്നത്‌.ആരാണീ അബ്‌സാര്‍ ? വേദനിപ്പിക്കുന്ന സം‌ഗതികളായിരുന്നു ബന്നയുടെ മറുപടിയില്‍.
1990 ജനുവര്‍ 5 നാണ്‌ അബ്‌സാറിന്റെ ജനനം.തൃശൂര്‍ ജില്ലയിലെ തിരുനെല്ലൂരില്‍.മരണം 2003 ജൂണ്‍ 26 നും.പീച്ചി കനാലില്‍ നിന്നും വെള്ളമെത്തിക്കാനുള്ള കൂമ്പുള്ളി കനാലില്‍ കൂട്ടുകാരുമൊത്ത്‌ നീന്തിക്കുളിക്കുമ്പോള്‍ മുങ്ങി മരിച്ചു.മൂന്നാം ക്ലാസ്സുവരെ ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ്‌ പഠിച്ചിരുന്നത്‌.ദോഹയില്‍ ജോലിയെടുക്കുന്ന അബ്‌ദുല്‍ അസീസ്‌ മഞ്ഞിയിലാണ്‌ പിതാവ്‌.മാതാവ്‌ സുബൈറയും.

പതിമൂന്നു കൊല്ലവും കഷ്‌ടിച്ച്‌ ആറുമാസവുമാണ്‌ അബ്‌സാര്‍ ഈലോകത്തിലുണ്ടായിരുന്നത്‌. ആ ചെറിയ കാലയളവില്‍ തന്നെ ആ കുട്ടി തന്റെ കലാവാസന തെളിയിച്ചു കഴിഞ്ഞിരുന്നു.പുസ്‌തകത്താളുകളില്‍ പലപ്പോഴായി എഴുതിയിട്ട കവിതാ ശകലങ്ങളും ചെറിയ ചെറിയ കഥകളും സാധാരണ ആ പ്രായത്തിലുള്ളവര്‍‌ക്കില്ലാത്ത ഉള്‍‌ക്കാഴ്‌ച അബ്‌സാറിനുണ്ടെന്ന്‌ ബോധ്യമാക്കുന്നു.സ്ഥായിയായൊരു വിഷാദഭാവവും ചെറു പ്രായത്തിനു യോജിക്കാത്ത മരണ ചിന്തകളും ആ കുട്ടി അവിടെയവിടെ കോറിയിട്ട വരികളില്‍ പ്രകടമാണ്‌.

ആ രചനകളെല്ലാം സമാഹരിച്ച്‌ പുറത്തിറക്കിയ മണിദീപം എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ പ്രകാശനമായിരുന്നു ബന്നയും കൂട്ടരും സം‌ഘടിപ്പിച്ച ചടങ്ങിലെ പ്രധാന ഇനം.

ഒരു വ്യാഴാഴ്‌ച വൈകുന്നേരം ദോഹയിലെ ഇന്ത്യന്‍ ക്ലബ്ബുകളിലൊന്നായ ഐ.സി.ആര്‍.സിയില്‍ വെച്ചായിരുന്നു പരിപാടി.വളരെ ചെറിയൊരു സദസ്സായിരുന്നു അത്‌.ഒരു പാട്‌ തിക്കും തിരക്കുമില്ലാതിരുന്നതിനാലായിരിക്കാം,ഇത്തരം കൂടിച്ചേരലുകളില്‍ വളരെ അപൂര്‍‌വ്വമായി മാത്രം കണ്ടുവരാറുള്ളൊരു തീവ്രത ആ സദസ്സിനുള്ളതുപോലെ തോന്നി.വേദനയും വേര്‍‌പാടും പങ്കിടാന്‍ വന്നവരായിരുന്നു അതില്‍ അധിക പേരും.

ലോകാരം‌ഭം മുതല്‍ മനുഷ്യന്റെ മനസ്സില്‍ ഉദിക്കാറുള്ള ചില പതിവു സംശയങ്ങള്‍‌ക്കും ചോദ്യങ്ങള്‍‌ക്കും അപ്പുറം എനിക്കവരോട്‌ പറയാന്‍ വലുതായിട്ടൊന്നുമുണ്ടായിരുന്നില്ല.ആ പറയുന്നതാകട്ടെ മിക്കവരേയും കൂടുതല്‍ ചിന്താകുഴപ്പത്തിലാക്കുമെന്നല്ലാതെ,യാതൊരു മനസ്സമാധാനത്തിനും ഉതകുന്ന ഒന്നല്ല.പ്രസം‌ഗം എനിക്കും പറഞ്ഞ കലയുമല്ല.

പക്ഷെ ആ വൈകുന്നേരം മറ്റു പലരും കാര്യവിചാരത്തോടെ അവിടെ സം‌സാരിച്ചു.സാന്ത്വനിപ്പിച്ചു.അതില്‍ ബന്നയും അബ്`ദുല്‍ അസീസ്‌ നല്ല വീട്ടിലും,പ്രൊഫസര്‍ അബ്‌ദുല്‍ അലിയും,സാം ബഷീറും,എം.ടി നിലമ്പൂരും,ഖാലിദ്‌ അറക്കലും,മോഹന്‍ അയിരൂരും,കെ.കെ സുധാകരനും,ഇഖ്‌ബാല്‍ ചേറ്റുവയും,ആനി സാമുവലും ഒക്കെ ഉണ്ടായിരുന്നു. 

അബ്‌സാറിന്റെ കടല്‍ എന്ന കവിത അനിയന്‍ അന്‍‌സാറും എന്റെ ദുഃഖം എന്ന കവിത രജേഷും ചൊല്ലി.

അധികൃതരുടെ അനാസ്ഥമൂലം തനിക്ക്‌ ഒരു സാഹിത്യ സദസ്സില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള വേദനയാണ്‌ എന്റെ ദുഃഖം എഴുതാന്‍ അബ്‌സാറിനെ പ്രേരിപ്പിച്ചതെന്ന്‌ മണിദീപത്തിലെ ഒരടിക്കുറിപ്പില്‍ പറയുന്നുണ്ട്‌.മരിക്കുന്നതിന്റെ ഒരാഴ്‌ചമുമ്പാണ്‌ അബ്‌സാര്‍ ഇതെഴുതിയിരിക്കുന്നത്‌.

എന്റെ ദുഃഖം നീ അറിയുന്നുണ്ടോ മഹാ ലോകമേ നീ അറിയുന്നുണ്ടോ - എന്നു തുടങ്ങുന്ന ആ പതിനാലു വരികള്‍,താല്‍‌കാലികമായുയരുന്ന നിരാശയില്‍ നിന്നു ഉരുത്തിരിഞ്ഞതാണെങ്കിലും രാജേഷിന്റെ ചൊല്ലലിലൂടെ ഒരു കവിതയുടെ സ്വഭാവം ഉള്‍‌ക്കൊണ്ട്‌ മറ്റൊരു തലത്തിലേക്ക്‌ എത്തി.

അബ്‌ദുല്‍ അസീസ്‌ സം‌സാരിച്ചത്‌ അവസാനമായിരുന്നു.മകന്റെ അകാല മരണത്തെ എങ്ങനെയാണ്‌ താന്‍ അഭിമുഖീകരിക്കുന്നതെന്ന്‌ അസീസ്‌ ഞങ്ങള്‍‌ക്ക്‌ പറഞ്ഞു തന്നു. ഈ ദുരന്തം സഹിക്കാന്‍ വയ്യാത്ത ഒന്നാണ്‌.പക്ഷെ നമ്മള്‍ മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും അറിയാനും അതിനോട്‌ സഹതപിക്കുവാനും തുടങ്ങുന്നതില്‍ നിന്ന്‌ മനസ്സില്‍ ശാന്തിയും കരുത്തും ലഭിക്കുന്നു.

ഈറനണിഞ്ഞ കണ്ണുകളുമായി ഞങ്ങള്‍ ഒരച്ഛന്റെ വിലാപം കേട്ടുകൊണ്ടിരുന്നു.എല്ലാം ഒരു പരീക്ഷണമായിരിക്കാം.ആരോ,എന്തിനോ തരുന്നൊരു പരീക്ഷണം.

രണ്ടു മരണങ്ങളെ ചുറ്റിപ്പറ്റി അബ്‌സാര്‍ എഴുതിയ ജീവിതമെന്ന കഥയില്‍ ഒരു വാചകമുണ്ട്‌.നല്ലവര്‍ വേഗം മരിക്കും.ആ ഒരു വാചകം മാത്രം. ഒരു വിശദീകരണവുമില്ലാതെ.ആരുണ്ടാക്കിയ നിയമമാണിത്‌ അബ്‌സാര്‍ ?

അബ്‌സാര്‍ എന്ന പേരിന്റെ അര്‍‌ഥം ദാര്‍‌ശനികന്‍ ആണെന്ന്‌ അസീസ്‌ പിന്നീടൊരിക്കല്‍ പറഞ്ഞു.എന്താണ്‌ ആ പേരിടാന്‍ കാരണം ?

എല്ലാത്തിന്റേയും കാര്യവും കാരണവും അന്വേഷിച്ചു നടക്കുന്നവരാണല്ലൊ നമ്മള്‍.ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക്‌ നയിക്കുന്ന നിയമാവലികളുണ്ടാവണമെന്നത്‌ നമ്മള്‍‌ക്ക്‌ നിര്‍‌ബന്ധമാണ്‌.നില നില്‍‌പിന്റെ പ്രശ്‌നമാണത്‌.ആ നിയമങ്ങള്‍ പെട്ടെന്ന്‌ എവിടെ വെച്ചൊക്കെയോ കാരണമില്ലാതെ തെറ്റുമ്പോള്‍ നമ്മള്‍‌ക്ക്‌ അമ്പരപ്പാണ്‌.,ആകെ പരിഭ്രമമാണ്‌.

പക്ഷെ കുട്ടിയും കവിയും മറ്റൊരു കണ്ണിലൂടെയാണ്‌ ലോകം കാണുന്നത്‌.അബ്‌സാര്‍ കുട്ടിയായിരുന്നു,കവിയായിരുന്നു.

അതുകൊണ്ടാണ്‌ അബ്‌സാറിന്‌ ഒരു കവിതയില്‍ ഇങ്ങനെ എഴുതാന്‍ പറ്റിയത്‌.നടുക്കടലില്‍ നിന്ന്‌ അട്ടഹസിച്ചാല്‍ ആരാണ്‌ കേള്‍‌ക്കുക?ഇത്‌ കുട്ടിയുടെ സം‌ശയമാണ്‌.ഒരു കവിയുടെ ഭാവനയും.
........
2003 ജൂണ്‍ മാസത്തിലെ അവസാനത്തില്‍ മഴമേഘങ്ങള്‍ കണ്ണീര്‍‌വാര്‍‌ത്തു നില്‍‌ക്കുന്നൊരു സന്ധ്യാ നേരത്തായിരുന്നു ആ കൊച്ചു ദാര്‍‌ശനികന്‍ വിടപറഞ്ഞത്‌.
മണിദീപം രണ്ടാം പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട്‌ ഗള്‍‌ഫ്‌ ടൈംസ്‌ എഡിറ്റര്‍ ശ്രി.സി.പി രവീന്ദ്രന്‍ പ്രവാസി ദൂതനില്‍ മണലെഴുത്ത്‌ എന്ന പക്തിയില്‍ എഴുതിയ ലേഖനം ഓണ്‍‌ലൈന്‍ വായനക്കാര്‍‌ക്കുവേണ്ടി പങ്കുവെക്കുന്നു.