Monday, October 26, 2009

കത്തിപ്പടരുന്ന ചിന്തകള്‍

വളരെ ബാല്യത്തില്‍ തന്നെ അന്വേഷണ സ്വഭാവം അബ്‌സ്വാര്‍ പുലര്‍ത്തിയിരുന്നു.ദോഹയില്‍ ഉണ്ടായിരുന്നപ്പോഴും തുടര്‍‌ന്നും അബ്‌സ്വാറിന്റെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായി മറുപടി കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.പലപ്പോഴും മറുപടികള്‍ അവനെ തൃപ്‌തനാക്കിയിരുന്നില്ല.രണ്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ചിത്ര രചനയില്‍ താല്‍‌പര്യം കാട്ടിയിരുന്നുവെങ്കിലും പിന്നീട്‌ അത്ര ഉത്സാഹം പ്രകടിപ്പിച്ചിരുന്നില്ല.വായിക്കാനും സം‌ശയനിവാരണങ്ങള്‍‌ക്കും കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു.

ഗോചരമായ കണ്ണുകള്‍‌കൊണ്ട്‌ നാം കാണുന്ന വലിയ വസ്‌തുക്കള്‍ ഉള്‍‌കൊള്ളാന്‍ പാദാര്‍ഥിക അര്‍ഥത്തിലുള്ള വലുപ്പം ആവശ്യമില്ല എന്ന നിഗമനം വളരെ ചെറുപ്പത്തില്‍ തന്നെ അബ്‌സ്വാര്‍ ഹ്രച്ചിരുന്നു.

ഒരു ദിവസം എന്റെ ഒരു വലിയ സുഹൃത്ത്‌ (എല്ലാ അര്‍‌ഥത്തിലും)എന്നെ കാണാന്‍ വന്നു.അദ്ധേഹത്തിന്റെ പിതാവിന്‌ സുഖമില്ലെന്നറിഞ്ഞ്‌ നാട്ടിലേയ്‌ക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു.തൊട്ടടുത്ത്‌ നില്‍‌ക്കുകയായിരുന്ന അബ്‌സ്വാര്‍ അദ്ധേഹത്തെ ആപാദചൂഢം ഒന്നു നോക്കി.ഉടനെ ഞങ്ങള്‍ പറഞ്ഞു.'താങ്കളുടെ പിതാവിന്റെ ഉയരത്തെക്കുറിച്ചായിരിക്കാം അബ്‌സ്വാര്‍ ചിന്തിക്കുന്നത്'തല്‍ക്ഷണം അബ്‌സ്വാറിന്റെ പ്രതികരണം.നൊ.ഇദ്ധേഹത്തിന്റെ ബാപ്പ ഇദ്ധേഹത്തേക്കാള്‍ വലിയവനായിരിക്കണമെന്നൊന്നും ഇല്ല.ഒരു ചിന്ന കുരുവില്‍ നിന്നല്ലേ വലിയ മരങ്ങളുണ്ടാകുന്നത് ?മണിദീപം സമാഹരത്തില്‍ ഇതേ അര്‍ഥത്തിലുള്ള കവിതയും ഉണ്ട്‌

നമ്മുടെ നിഗമനങ്ങളെ പലപ്പോഴും ഈ കുട്ടി കടപുഴക്കി എറിയുമായിരുന്നു.''ഒരു ചെറു കുരുവില്‍ നിന്നാണ്‌ ഒരു വലിയ മരം ഉണ്ടാവുന്നത് എന്ന നിരീക്ഷണം കൊച്ചു നാളില്‍ തന്നെ ഈ പ്രതിഭ മനസ്സിലാക്കി വച്ചിരുന്നു എന്നു സാരം.

ആകാശം നക്ഷത്രം കടല്‍ കാറ്റ് തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ അവനെ ചിന്താകുലനാക്കിയിരുന്നു.കരയിലേയ്‌ക്ക്‌ അലറിയടിക്കുന്ന തിരമാലകള്‍ അതിന്റെ വിരിമാറിലൂടെ സഞ്ചരിക്കുന്ന ജലവാഹനങ്ങള്‍ ശാന്തമാകുന്ന കടല്‍..ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്യുമായിരുന്നു.അബ്‌സ്വാറിന്റെ ആദ്യത്തെ കവിത കടലിനെ കുറിച്ചായിരുന്നു.