യാത്രാമംഗളം 

തേനാറുകളൊഴുകുന്ന പൂങ്കാവനത്തില്‍
ഞങ്ങള്‍ക്ക് ചാരുമഞ്ചങ്ങളൊരുക്കാന്‍ 


പൂത്തുമ്പി പറന്ന്‌ പോയി
മിന്നല്‍  പിണര്‍  പോലെ ..

ഉമ്മയുടെ സന്തോഷാശ്രു...
പിന്നെ ഒരന്ത്യ ചുംബനം
ഒപ്പം യാത്രാ മംഗളങ്ങളും...

ഞാന്‍ പ്രിയതമയോട്‌ ചോദിച്ചു..
നിനക്ക്‌ എന്ത്‌ തോന്നുന്നു ?

"ഈ മോനെ പ്രസവിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനം "
അവള്‍ പറഞ്ഞു.

ഈ വേര്‍പാട്‌ സുഖമുള്ളൊരു വേദനയാണെനിയ്‌ക്ക്
ഈ ഗ്രാമീണര്‍ക്ക്‌
മനോഹരമായ
ഒരു യാത്രയയപ്പ്‌ രീതി
കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള
സംതൃപ്‌തിയാണെനിയ്‌ക്ക്..

"അത്ഭുതങ്ങളുടെ ലോകമാണുമ്മാ..
ദൈവത്തിന്റെ അധികാരങ്ങള്‍ അത്ഭുതങ്ങള്‍ക്ക്‌
പങ്കുവെയ്‌ക്കുന്ന കാലമാണ്‌ വരുന്നത്‌
ഇളം മനസ്സുള്ളവര്‍
മരിച്ച്‌ പോകുന്നതാണുമ്മാ നല്ലത്‌"

മോന്റെ വാക്കുകള്‍ ഉരുവിട്ട് അവള്‍ വിതുമ്പി..
ഒപ്പം ഞാനും
ഒരു ഗ്രാമവും ...
.......................

2003 ജൂണ്‍ 26 ന്‌ ബാല പ്രതിഭ ഓര്‍മ്മയായ ദിവസം പിതാവ്‌ കുറിച്ചിട്ട യാത്രാ മംഗളം .
മകന്‍ അബ്‌സാറിന്റെ മണിദീപം സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌.