Friday, June 26, 2020

തുറന്ന കത്ത്‌

പ്രിയപ്പെട്ടവരെ എല്ലാവർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു.വായനയുടെ ഈ ലോകത്തു പ്രിയപ്പെട്ടവർക്കായി ഒരു പുസ്തക സമർപ്പണത്തിന്റെ തുറന്ന കത്ത് ✉️

ഏതു ബുക്കിനെ കുറിച്ച് സംസാരിക്കും എന്നാലോചിച്ചപ്പോൾ ആണ് എന്ത്കൊണ്ടും മറ്റു കൃതികളെക്കാളും ഇക്കാടെ ബുക്കിനെ കുറിച്ച് പറഞ്ഞാലോ എന്ന് ഓർത്തത്‌, ഞങ്ങളിൽ നിന്ന് പറന്നു പോയ ഞങ്ങളുടെ ഇക്കക്ക...

ജൂൺ വന്നതോടുകൂടി 16 വർഷം പിന്നിട്ടു.ദൈവം നാം ഏവരേയും സ്വർഗത്തിൽ ഒരുമിച്ച് അനുഗ്രഹിക്കുമാറാവട്ടെ... ചെറിയ ക്ലാസ്സ്‌ മുതൽ തുടങ്ങിയതാണ് ഇക്കാടെ എഴുത്ത്. എഴുത്തിനു തുടക്കം കുറിച്ച് കടൽക്കരയിലെ മണ്ണിലായിരുന്നു.....


കടലേ
നീയൊരു അത്ഭുതമാണ്‌
ചിലപ്പോള്‍ രൌദ്ര ഭാവമാണ്‌
ചിലപ്പോള്‍ ശാന്തസുന്ദരവും
ആര്‍ക്കാണ്‌ നിന്നെ നശിപ്പിക്കാനാവുക.
നിന്റെ വിരിമാറിലൂടെയല്ലെ
ജലവാഹനങ്ങള്‍
ചരിക്കുന്നത്‌
നടുക്കടലില്‍
കിടന്നട്ടഹസിച്ചാല്‍
ആരാണ്‌ കേള്‍ക്കുക.

മൂന്നാം തരത്തില്‍ പഠിക്കുമ്പോഴാണ്‌ ഇക്ക(അബ്സാർ) ആദ്യമായി കവിത രചിച്ചത്‌. ഇംഗ്ളീഷില്‍ എഴുതിയതിന്റെ മൊഴിമാറ്റം .

ഒരാൾ കടൽ തുരുത്തിൽ മുങ്ങി പോവുന്നത് കണ്ടു എഴുതിയതാണ് ഈ കവിത.

കടല്‍ തീരത്ത്‌ നിന്നു തുടങ്ങി കടലാഴങ്ങളോളം ആഴങ്ങളില്‍ വായനക്കാരനെ കൂട്ടി കൊണ്ടു പോകുന്ന രചനകള്‍ സമ്മാനിച്ച്‌ അനന്തമായ ആഴങ്ങളില്‍ മുത്ത്‌ വാരാന്‍ മുങ്ങിപ്പോയ കൊച്ചു കവിയുടെ വിഭാവനകള്‍ വിസ്‌മയാവഹമാണ്‌

അവസാനം എഴുതിയത് ദൈവത്തിനു ചരിത്രമോ? എന്നാ തലക്കെട്ടു മാത്രം, ആ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് വരികൾ അനേഷിച്ചു പോയതാവും ആ കൊച്ചു പ്രതിഭ.

ചെറിയ ലോകത്തെ വലിയ വലിയ കാര്യങ്ങള്‍ ചിന്തിച്ച ഇക്കാടെ (അബ്സാർ) രചനകളുടെ സമാഹാരമാണ്‌ മണിദീപം.

ഐ പി.എച്ച്‌ ആണ്‌ ഇതിന്റെ പ്രാസാധകര്‍.കൊച്ചു മനസ്സിന്റെ വിശുദ്ധിയും സുകൃതങ്ങളോടുള്ള ചാഞ്ചല്യമില്ലാത്ത അനുഭാവവുമാണ്‌ ഈ പതിമൂന്ന് കാരന്റെ രചനകളെ ഉണർത്തുന്നത് പ്രകൃതിയും മനുഷ്യനും ഭൂമിയിലെ പരസ്പര പൂരകങ്ങളാണെന്ന ബോധം ഇക്കാടെ മനസ്സിനെ വല്ലാതെ കീഴ്‌പെടുത്തിയിരുന്നു.അതി സുന്ദരിയായ പ്രകൃതിയെ വൃത്തി ഹീനമാക്കുന്ന മനുഷ്യരോടുള്ള അസ്വസ്ഥതകൾ രചനകളിലുടെനീളം കാണാം.

മണി ദീപം ചൊരിഞ്ഞ്‌ തരുന്ന പ്രകാശം.അതിന്റെ പ്രഭയില്‍ വായനക്കാരന്‍ വിസ്‌മയം കൊള്ളും.ഇക്കാടെ കടല്‍ എന്ന കവിത കടലോളം തന്നെ ആഴവും പരപ്പുമുണ്ട്‌.അധികൃതരുടെ അനാസ്ഥമൂലം തനിക്ക്‌ ഒരു സാഹിത്യ സദസ്സില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള നൊമ്പരച്ചീളുകള്‍ കൊണ്ടാണ്‌‌ എന്റെ ദുഃഖം എന്നാ കൃതി എഴുതാന്‍ ഇക്കാനെ പ്രേരിപ്പിച്ചതെന്ന്‌ മണി ദീപത്തിലെ ഒരടിക്കുറിപ്പില്‍ പറയുന്നുണ്ട്‌.മരിക്കുന്നതിന്റെ ഒരാഴ്‌ചമുമ്പായിരുന്നു‌ ഇക്കയ്ത്തെഴുതുന്നത്.

എന്റെ ദുഃഖം നീ അറിയുന്നുണ്ടോ മഹാ ലോകമേ നീ അറിയുന്നുണ്ടോ - എന്നു തുടങ്ങുന്ന ആ പതിനാലു വരികള്‍,താല്‍‌കാലികമായുയരുന്ന നിരാശയില്‍ നിന്നു ഉരുത്തിരിഞ്ഞതാണെങ്കിലും കവിതയുടെ സ്വരവും സാരവും നിത്യ നൂതനമായി നിലകൊള്ളുന്നതത്രെ.

കണ്ണുകള്‍ ഈറനണിയാതെ പല രചനകളും വായിക്കാന്‍ കഴിയില്ല.അത്രമാത്രം സ്വാഭാവികമാണ്‌ നിഷ്‌കളങ്കമാണ്‌ അളന്നു മുറിച്ച ഓരോ അക്ഷരവും.

രണ്ടു മരണങ്ങളെ ചുറ്റിപ്പറ്റി അബ്‌സാര്‍ എഴുതിയ ജീവിതമെന്ന കഥയില്‍ ഒരു വാചകമുണ്ട്‌.നല്ലവര്‍ വേഗം മരിക്കും.

ആ ഒരു വാചകം മാത്രം മതി ആരുണ്ടാക്കിയ നിയമമാണിത്‌ എന്നു വായനക്കാരനെ ചിന്തിപ്പിക്കാന്‍.എല്ലാത്തിന്റേയും കാര്യവും കാരണവും തേടിപ്പോയാല്‍ നമ്മള്‍ തോറ്റുപോകും.

പതിമൂന്നുകാരനായ കവിയുടെ വിഭാവനകള്‍ ഒരു കുട്ടിക്കവിതയുടെ പരിസരത്തിനും അകലെ അനന്തതയിലാണ് എന്ന്‌ വായനക്കാരന്‌ മനസ്സിലാകുമ്പോള്‍ മണി ദീപം അണയ്‌ക്കാന്‍,അഥവാ പേജുകള്‍ മടക്കി വെക്കാന്‍ വായനക്കാരന്‌ കഴിയാതെ വരുന്നുണ്ട്‌. ‌

നടുക്കടലില്‍ നിന്ന്‌ അട്ടഹസിച്ചാല്‍ ആരാണ്‌ കേള്‍‌ക്കുക?എന്ന അബ്‌സ്വാറിന്റെ ചോദ്യത്തിനു ആരും ഉത്തരം പറയുന്നില്ല.വായനക്കാരുടെ നിശബ്‌ദത ഭേദിക്കാന്‍ അബ്‌സ്വാറിന്റെ വരികള്‍ മാത്രമേ ജിവിച്ചിരിക്കുന്നുള്ളൂ.

അതെ മണി ദീപം ജ്വലിക്കുകയാണ്‌.

മണിദീപം തെളിഞ്ഞിട്ട്‌ 2019 നവം‌ബര്‍ ഒന്നാം തിയ്യതി കേരളപ്പിറവി ദിവസം പതിനാറ്‌ വര്‍ഷം പൂര്‍‌ത്തിയാകുന്നു. അബ്‌സാര്‍ എന്ന മണി വിളക്ക്‌ അണഞ്ഞത്‌ 2003 ജൂണ്‍ 26 നായിരുന്നു.

പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്‌. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു.

പുതുമനശ്ശേരി സര്‍സയ്യിദ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി ബാല ചന്ദ്രന്‍ ചുള്ളിക്കാടും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നുമായിരുന്നു മണിദീപം അക്ഷരലോകത്തിനു സമര്‍പ്പിച്ചത്‌.മലയാളത്തിലെ തലയെടുപ്പുള്ള പ്രസിദ്ധീകരണാലയങ്ങളിലൊന്നായ ഇസ്‌ലാമിക് പബ്‌ളീഷിങ് ഹൗസാണ്‌ പുസ്‌തകം വായനാലോകത്തിന്‌ സമ്മാനിച്ചത്.

2003 ല്‍ തന്നെ മണിദീപത്തിന്റെ രണ്ടാമത്തെ പതിപ്പ്‌ ദോഹയില്‍ വെച്ച്‌ പ്രൊഫസര്‍ അബുല്‍ അലിയും ഗള്‍ഫ്‌ടൈംസ്‌ പ്രൊഡക്‌ഷന്‍ എഡിറ്റര്‍ സി.പി രവീന്ദ്രനും നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ പ്രകാശനം ധന്യമായിരുന്നു.

വായിക്കുമല്ലോ, വായനയെ ഇഷ്ടപ്പെടുന്നവർക്കായി സമർപ്പിക്കുമല്ലോ, വായിക്കുക അക്ഷരങ്ങളുടെ ആഴങ്ങളിലേക്കു വായിച്ചുകൊണ്ടിരിക്കുക,ഇന്നലെകൾ നാളെയുടെ ഉണർത്തു പാട്ടാവട്ടെ..

ഒരുപാടു പ്രാത്ഥനകളോടെ🤗
ഹിബ അബ്‌ദുല്‍ അസീസ്‌