Thursday, June 26, 2008

അബ്‌സാറിന്റെ ഊഴം


2003 ജൂണ്‍ 26നു അബ്‌സാര്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.മാസങ്ങളോളം തല പുകച്ച്‌ കൊണ്ട്‌ നടന്ന പ്രഭാഷണം അന്ന്‌കാലത്ത്‌ തന്റെ വിദ്യാലയത്തേയും അധ്യാപകരേയും സഹപാഠികളേയും സാക്ഷിയാക്കി സ്‌കൂള്‍ അസംബ്ളിയില്‍  അബ്‌സാര്‍ അവതരിപ്പിച്ചു. കത്തിത്തീരുന്ന പോലെയായിരുന്നു പ്രഭാഷണം നിര്‍വഹിച്ചതെന്നു കേട്ടു നിന്നവര്‍ പറയുന്നു..ലോകത്തോട്‌ തനിക്ക്‌ പറയാനുള്ള വസ്വിയത്ത്‌ നിര്‍വഹിച്ചു അവന്‍ പറന്നു പോയിരിക്കുന്നു.ഈ ഒരു പ്രഭാഷണം നടത്താന്‍ മാത്രമായിരുന്നുവോ ദൈവംഅവനെ സൃഷ്ടിച്ചത്‌ ?. നീണ്ട കാലത്തെ പ്രയത്നവും പഠനവും മനനവും ഈ പ്രഭാഷണം തയാറാക്കാന്‍ വേണ്ടിവന്നിട്ടുണ്ട്‌.ഒരേ മാതാപിതാക്കളുടെ മക്കളാണെന്നു ബോധമൂള്ള ഒരു സമൂഹത്തിലാണു ശാന്തി മന്ത്രം തുളുമ്പുന്ന സ്വര്‍ഗ രാജ്യം ഉണ്ടാവുക എന്ന പ്രയോഗത്തിനുപകരം ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നു ബോധമുള്ള സമൂഹത്തിലാണു എന്നു തിരുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ; ഒരേ ഒരു സ്രഷ്ടാവില്‍ വിശ്വസിക്കുന്നര്‍ക്കുപോലും ഒരേമാതാപിതാക്കളുടെ മക്കളാണു മന്‍ഷ്യര്‍ എന്നു അറിയുകയില്ല.എന്നാണു മറുപടി പറഞ്ഞത്‌. നാം സങ്കീര്‍ണമായി കാണുന്ന പലതും അബ്‌സാറിനു നിസ്സാരമാണു.നാം നിസ്സാരമായി കാണുന്നപലതും അവനു സങ്കീര്‍ണമാണു.വിജ്ഞാന സമ്പാദനത്തിനു കിട്ടുന്ന ഏത്‌ അവസരവും അവന്‍ ഉപയോഗപ്പെടുത്തുമായിരുന്നു.തന്റെ വീക്ഷണങ്ങളുമായി തീരെ യോജിപ്പില്ലാത്തവരില്‍നിന്നാണെങ്കില്‍ പോലും വിദ്യ നേടിയെടുക്കുന്നതില്‍ മടി കാട്ടിയിരുന്നില്ല.മരിക്കുന്നതിന്റെ വളരെ തൊട്ട നാളുകള്‍ക്കു മുമ്പാണു തൊട്ടടുത്ത പള്ളിയിലെ അധ്യാപകനില്‍നിന്നു ഖുതുബയുടെ നിബന്ധനകള്‍ ചോദിച്ചു പഠിച്ചത്‌. മൗലവി വന്നില്ലെങ്കില്‍ ഞാന്‍ ഖുതുബ നടത്തും എന്ന്  പറഞ്ഞിരുന്നുവത്രെ.