Tuesday, June 26, 2007

ദൈവത്തിനു ചരിത്രമോ


ഈ ലോകത്തിനു ഒരു സ്രഷ്ടാവുണ്ട്‌. ഇത്‌ തികഞ്ഞ യാഥാര്‍ത്ഥ്യമാണു.എല്ലാ സമൂഹവും ഇത്‌ അംഗീകരിക്കുന്നുമുണ്ട്‌. അറബി ഭാഷയില്‍ സ്രഷ്ടാവിനെ അല്ലാഹു എന്നു വിളിക്കുന്നു.സുരിയാനിയില്‍ യഹോവ എന്നും ,സംസ്‌കൃതത്തില്‍ ഓം എന്നുമാണ്‌ ജഗന്നിയന്താവിനെ വിളിച്ച്‌ പോരുന്നത്‌ .ഈ പ്രയോഗത്തിന്ന് വ്യക്തമായ ഒരു നിര്‍വചനമുണ്ട്‌.ഈ നിര്‍വചനത്തെ മാനിക്കാത്ത ഭാഷാന്തരം പാടില്ല. ഇവ്വിഷയവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയൊ അബ്‌സാറിന്റെ മനസ്സില്‍ പുകഞ്ഞിരുന്നു.പക്ഷെ നമുക്കൊരു തലവാചകം മാത്രമേ കിട്ടിയുള്ളൂ."ദൈവത്തിനു ചരിത്രമോ?". അഥവാ ചരിതമില്ലാത്തവനായിരിക്കണം ദൈവം... ചരിത പുര്‍ഷന്മാര്‍ ദൈവമായി വാഴിക്കപ്പെടുന്നതിലൂടെയാണ്‌ ദൈവ സങ്കല്‍പം വഴിമാറിപ്പോകുന്നത്‌.

തീരെ എഴുതാതിരിക്കുക.എന്നതായിരുന്നു അബ്‌സാറിന്റെ ശൈലി.എഴുതുകയാണെങ്കില്‍ തന്നെ വളരെ ചുരുക്കി എഴുതുക.ഞാനും അബ്‌സാറും ഏറെ ചര്‍ച്ച ചെയ്ത ഗ്രന്ഥമാണു രാജമാര്‍ഗം. ലീവില്‍ നാട്ടിലുള്ളപ്പോള്‍ ഏകദേശം മൂന്ന് മാസത്തോളം ഈ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അബ്‌സാറിനെ ഏറ്റവും കൂടുതല്‍ സന്തോഷവാനായി കണ്ടിട്ടുള്ളത്‌ ഒരു പക്ഷെ രാജമാര്‍ഗം ചര്‍ച്ച ചെയ്യുമ്പോഴാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഒരു പുതിയ ചിന്താലോകം എനിക്കു മുമ്പില്‍ തുറക്കപ്പെട്ടത്‌ ഈ ചര്‍ച്ചയിലാണു.അബ്‌സാറിനെ സംബന്ധിച്ചിടത്തോളം തേടിയത്‌ കിട്ടിയ പ്രതീതി മാത്രമായിരുന്നു.

ഭാഷകള്‍ മാറുമ്പോള്‍ സംജ്ഞകള്‍ മാറുന്നത്‌ ഒരുകാരണവശാലും പൊറുപ്പിച്ചു കൂടത്രെ.ചുകന്ന റോസാപൂക്കളെ നോക്കി ഒരു പടിഞ്ഞാറന്‍ ഇറ്റീസ്‌ വൈറ്റ്‌ എന്നു പറഞ്ഞാല്‍ ആരാണു വകവെച്ചു കൊടുക്കുക എന്നാണു അവന്റെ ചോദ്യം.ഭാരതത്തെക്കുറിച്ച്‌ നല്ല മതിപ്പും ബഹുമാനവും അബ്‌സാറിനുണ്ടായിരുന്നു. വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായ ഭാരതത്തില്‍ ശാന്തസുന്ദരമായ ഒരു സ്വര്‍ഗ ലോകം ഈ കൊച്ചു ദാര്‍ശനികന്‍ സ്വപ്നം കണ്ടിരുന്നു.ഭാരതത്തെക്കുറിച്ചുള്ള തന്റെ വികാരം ഇന്ത്യ എന്ന കവിതയിലൂടെ വളരെ മനോഹരമായി വരച്ചു വച്ചിട്ടുണ്ട്‌."ഇന്ത്യയുടെ കൊടി ഉയരുമ്പോള്‍ എന്തൊരാഹ്ലാദം മക്കളേ....എന്നവരി ആരെയാണു ഉള്‍പുളകം കൊള്ളിക്കാത്തത്‌.