Thursday, June 26, 2008

കത്തിത്തീരുന്നപോലെ


കത്തിത്തീരുന്നപോലെ അബ്‌സാര്‍ എന്നപ്രതിഭ അണഞ്ഞുപോയി. അവന്‍ കൊളുത്തിവച്ച മണിദീപം ഇവിടെ ജ്വലിച്ചു നില്‍ക്കുന്നു. എട്ടാമത്തെ വയസ്സില്‍ എഴുതിത്തുടങ്ങിയ അബ്‌സാര്‍ മരിക്കുന്നതിന്റെ ഏതാനും മിനിറ്റുകള്‍ക്കുമുമ്പ്‌ വരെ എഴുതി.(അന്ത്യം :2003 ജൂണ്‍ 26) അക്ഷരങ്ങള്‍ക്കു പിശുക്കുകാണിച്ചിരുന്ന അബ്‌സാറിന്റെ വരികള്‍ വാചാലമാണു.മനുഷ്യന്റെ മനസ്സിനോടും മസ്‌തിഷ്‌കത്തോടും സംവദിക്കുന്നതാണ്‌ ഈ പ്രതിഭയുടെ രചനകള്‍ .അബ്‌സാറുമയി നടന്ന ചില സംഭാഷണങ്ങളും അതില്‍ തെളിഞ്ഞു വരുന്ന നിരീക്ഷണങ്ങളും സഹൃദയരുമായി പങ്കുവെക്കുകയാണു.(അബ്‌സാറിന്റെ ലോകം എന്റെയും ) നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌.പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല..അബ്‌സാര്‍ പറഞ്ഞു നിര്‍ത്തി. വിഡ്ഡിത്തം വിളമ്പുന്നു എന്ന മട്ടില്‍ ഞാന്‍ അവനെ സമീപിക്കുന്നു.ഒടുവില്‍ ഒരു ബോധോദയം പോലെ ......ചിന്തകള്‍ക്കു ചിറകു മുളക്കുന്നു.

വിശാലതയുടെ മാനത്തേക്കു അവ പറന്നു പോകുമ്പോള്‍ പുതിയ ചില നിരീക്ഷണങ്ങള്‍ തെളിഞ്ഞു വരുന്നു.അന്ധകാരാവൃതമായ ലോകത്ത്‌ പ്രകാശം പരത്തുന്ന മണിവിളക്കായി നക്ഷത്രം തെളിഞ്ഞു നില്‍ക്കുന്നു.അജ്ഞതയുടെ കൂരാകൂരിരുട്ടില്‍ നന്മയുടെ മണിദീപമായി ഉത്തമപുരുഷന്‍ ജ്വലിച്ചു നില്‍ക്കുന്നു.നക്ഷത്രം അതിനു അനുവദിക്കപ്പെട്ട നാഴികകള്‍ക്കു ശേഷം കെട്ടടങ്ങുന്നു.ഒരുതരി പ്രകാശം പോലും അവശേഷിപ്പിക്കാതെ.മാത്രമല്ല -കത്തിയണഞ്ഞ നക്ഷത്രത്തിന്റെ ശിഷ്ടം മണ്ണില്‍ നാശം വിതക്കാന്‍ പോന്നതുമാണു. ഉത്തമ പുരുഷന്‍ എന്ന താരകം അണഞ്ഞു കഴിഞ്ഞാലും പ്രകാശിച്ചു കൊണ്ടേയിരിക്കും .അവന്റെ ശേഷിപ്പാവട്ടെ ഭൂമിക്കു വളമാവുകയും ചെയ്യും .


മഞ്ഞിയില്‍

തുടരും ...