Saturday, June 26, 2021

അബ്‌സാറിന്റെ ലോകം

പതിവുപോലെ ബാഗുമെടുത്ത്‌ സ്കൂളിലേക്ക്‌ നടന്നു.ഏതോ ജയിലിലേക്കെന്നപോലെ.അവന്‌ പൂക്കളും ചെടികളുമെല്ലാം വളരെ ഇഷ്‌ടമായിരുന്നു.സ്ക്കൂള്‍ പരിസരത്ത്‌ നിറഞ്ഞു നില്‍ക്കുന്ന ചെടികളില്‍ പലതും അവന്‍ നട്ടതാണ്‌.അവ കാണണം വെള്ളം കൊടുക്കണം.ഈ പ്രതീക്ഷകള്‍ മാത്രമാണ്‌ അവനെ സ്ക്കൂളിലേക്ക്‌ നയിച്ചത്‌.ക്ലാസ്‌ ടീച്ചര്‍ വന്നു. അവന്റെ മനസ്സ്‌ ഇരുളടഞ്ഞു.ക്ലാസ്‌ എടുക്കാന്‍ തുടങ്ങി.അവന്റെ മനസ്സില്‍ ചെടികളും പൂക്കളും മാത്രമായിരുന്നു.ഉള്ളില്‍ കവിതകള്‍ ഊറി വന്നു.അവന്‍ അറിയാതെ ചിരിച്ചുപോയി.'അയ്യേ കരീമിന്‌ വട്ടായേ'....കുട്ടികള്‍ കളിയാകി ചിരിച്ചു.അവന്‍ ഇളിഭ്യതയോടെ ചുറ്റും നോക്കി.പെട്ടെന്ന്‌ ഭൂമി കുലുക്കം പോലെ ടീച്ചര്‍ ശബ്ദമുയര്‍ത്തി.'സൈ ലന്‍സ്‌,സൈ ലന്‍സ്‌ ' അപ്പോഴേക്കും കരീം ടീച്ചറുടെ കണ്ണുകളുടെ ഇരയായിക്കഴിഞ്ഞിരുന്നു.അവനോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞു.അവനോട്‌ ചോദ്യം ചോദിച്ചു.അവന്റെ കാലുകള്‍ തളര്‍ന്നു.ചുണ്ടുകള്‍ വിറച്ചു.മുഖം വിളര്‍ത്തു.കണ്ണുകള്‍ മഴക്കാറുപോലെ തുടിച്ചു.നാവ്‌ വരണ്ടു.ടീച്ചര്‍ ദേഷ്യപ്പെട്ട്‌ അവനെ ക്ലാസിനു പുറത്താകി.യുദ്ധത്തിലെ അവസാനത്തെ കണ്ണിയെന്നപോലെ വിശാലമായ മൈതാനത്തില്‍ അവന്‍ തനിച്ചായി.അപ്പോഴും അവനെ ആശ്വസിപ്പിച്ചത്‌ചെടികളുടേയും പൂക്കളുടേയും പ്രതീക്ഷ മാത്രം.! (കരീമിന്റെ ലോകം )

ചിന്തകള്‍ അക്ഷരങ്ങളാക്കി തുടങ്ങിയ അബ്‌സാര്‍ അബ്‌ദുല്‍ അസീസ്‌ എന്ന പതിമൂന്നുകാരന്റെ കൊച്ചുകഥയാണിത്‌.തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി സ്വദേശി അബ്‌ദുല്‍ അസീസ്‌ മഞ്ഞിയിലിന്റേയും സുബൈറയുടേയും മകന്‍ അബ്‌സാറിന്റെ ലോകവും ഇതുതന്നെയായിരുന്നു.പൂക്കളേയും പുഴകളേയും സ്നേഹിച്ച പ്രകൃതിയെക്കുറിച്ച്‌ അഗാധമായി ചിന്തിച്ച പതിമൂന്നിന്റെ ചെറുപ്പം അപ്രസക്തമാക്കുന്ന രചനാവൈഭവം പ്രകടിപ്പിച്ച കുരുന്ന്‌ പ്രതിഭ,പക്ഷെ നേരത്തെ തന്നെ എഴുത്ത്‌ നിര്‍ത്തി അവനോളം സ്നേഹിച്ച പുഴയുടെ കുത്തൊഴുക്കില്‍ കഴിഞ്ഞ 2003 ജൂണ്‍ 26ന്‌ നിശബ്ദമായി ലയിച്ചു തീരുകയായിരുന്നു.

ചെറിയ ലോകത്തെ വലിയ വലിയ കാര്യങ്ങല്‍ ചിന്തിച്ച അബ്‌സാറിന്റെ രചനകളുടെ സമാഹാരമാണ്‌ മണിദീപം.ഐ എച്ച്‌ ആണ്‌ ഇതിന്റെ പ്രാസാധകര്‍.കൊച്ചുമനസ്സിന്റെ വിശുദ്ധിയും സുകൃതങ്ങളോടുള്ള ചാഞ്ചല്യമില്ലാത്ത അനുഭാവവുമാണ്‌ ഈ പതിമൂന്ന് കാരന്റെ രചനകളെ സവിശേഷമാക്കുന്നത്‌.പ്രകൃതിയും മനുഷ്യനും ഭൂമിയിലെ പരസ്പര പൂരകങ്ങളാണെന്ന ബോധം അവന്റെ മനസ്സിനെ വല്ലാതെ കീഴ്‌പെടുത്തിയിരുന്നു.അതി സുന്ദരിയായ പ്രകൃതിയെ വൃത്തി ഹീനമാക്കുന്നമനുഷ്യരോടുള്ള അസ്വസ്ഥതകള്‍ രചനകളിലുടെനീളം കാണാം.ഭൂമി സുന്ദരിയായിരുന്ന കാലത്ത്‌ അറിവ്‌ അടങ്ങാത്ത ഒരുകൂട്ടര്‍ ഭൂമിയെ അട്ടിമറിച്ചു.പിന്നെ ഭൂമിയുടേ സൗന്ദര്യം മുത്തശ്ശിക്കഥയായി.പാഠപുസ്തകങ്ങളുടെ പുറം ചട്ടയിലും റഫ്ബുക്കുകളിലുമെല്ലാമായി കുറിച്ചിട്ട വരികള്‍ സാഹസപ്പെട്ട്‌ കോര്‍തെടുത്തപ്പോള്‍ തെളിഞ്ഞ ചിത്രങ്ങള്‍ ഇങ്ങനെ പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളുടേതായിരുന്നു.ദാര്‍ശനികത ഗൗരവപ്പെടുത്തിയ കൊച്ചു കൊച്ചു കുറിപ്പുകളും അങ്ങനെത്തന്നെ പലതും അപൂര്‍ണമാണെങ്കിലും വലിയ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത അവയിലൊക്കെയും നിഴലിക്കുന്നുണ്ട്‌.

പുതുമനശ്ശേരി സര്‍സയ്യിദ്‌ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂളിലെ എട്ടാം ക്ലാസ്‌` വിദ്യാര്‍ത്ഥിയായിരുന്നു അബ്‌സാര്‍.പാഠ്യേതര രംഗത്ത്‌ എന്നും സ്കൂളിലെ ഒന്നാമനായിരുന്നു.രചനകള്‍ അധ്യാപകരെക്കൊണ്ട്‌ തിരുത്തിക്കാനും അവ സൂക്ഷിച്ച്‌ വെക്കാനും ഏറെ താല്‍പര്യം കാട്ടിയിരുന്നു.മലയാളം അധ്യാപിക തിരുത്തിയ ഒരു കഥയും വാങ്ങിയാണ്‌ അബ്‌സാര്‍ മരണത്തിലേക്ക്‌ ഒഴുകിയത്‌.കൂട്ടുകാരോടൊത്ത്‌ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.രണ്ട്‌പേര്‍ രക്ഷപ്പെട്ടു.അബ്‌സാര്‍ കൈവിട്ടു.കാലാവധി കഴിഞ്ഞാല്‍ എന്തും പ്രകൃതിയില്‍ ചീഞ്ഞ്‌ ലയിക്കുമെന്ന്‌ മരണത്തെക്കുറിച്ച്‌ സ്വയം പ്രവചിച്ച അബ്‌സാര്‍ ചില നേരങ്ങളില്‍ വല്ലാത്ത ദാര്‍ശനിക ഭാവം പ്രകടിപ്പിച്ചിരുന്നത്രെ.ഇക്കാര്യത്തില്‍ മകനെക്കുറിച്ചുണ്ടായ സ്നേഹ പൂര്‍ണമായ പരിഭവങ്ങളുമായി ഉമ്മ,ഖത്തറിലായിരുന്ന പിതാവിനയച്ച കത്ത്‌ കിട്ടും മുമ്പെ ദുരന്തവാര്‍ത്ത അവിടെ എത്തിയിരുന്നു.എഴുതാനായി മേശപ്പുറത്ത്‌ എടുത്ത്‌വെച്ച കടലാസില്‍ 'ദൈവത്തിന്‌ ചരിത്രമോ ?' എന്ന തലവാചകം കുറിച്ചിട്ടാണ്‌ അബ്‌സാര്‍ പുഴയിലേക്ക്‌ പോയത്‌.ചരിത്രാന്വേഷണം നേര്‍ക്കാഴ്‌ച കൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ മകന്‍ പോയതെന്ന ആശ്വാസമാണ്‌ ഇപ്പോള്‍ ഈ കുടുംബത്തിനുള്ളത്‌.
................

എന്‍ പി ജിഷാര്‍
2003ല്‍ മാധ്യമം പ്രസിദ്ധീകരിച്ചത്‌